
ലക്‌നൗ: ഹണിമൂൺ യാത്രയ്ക്കിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഡൽഹി സ്വദേശിയായ ഭർത്താവ് നിഖിൽ മിശ്രയ്ക്കെതിരെയാണ് കേസ്.
2023 മേയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഹണിമൂൺ യാത്ര പോയിരുന്നു. ജൂലൈ നാലിന് ദ്വീപിലെത്തിയതിന് പിന്നാലെയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായതെന്ന് യുവതി പറയുന്നു.
യാത്രയ്ക്കിടെ തനിക്ക് ആർത്തവമുണ്ടായെന്നും കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ആർത്തവത്തെക്കുറിച്ച് നേരത്തെ അറിയിക്കാത്തതിൽ പ്രകോപിതനായ നിഖിൽ, ഇതുമൂലം തന്റെ ‘മൂഡ്’ നശിപ്പിച്ചെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്തതിന് പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് തന്നെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് ഭർത്താവിന്റെ മാതാവിനോടും സഹോദരിയോടും പറഞ്ഞെങ്കിലും ഇവരിൽനിന്നും മാനസിക പീഡനം നേരിടേണ്ടിവന്നതായി യുവതി ആരോപിച്ചു. തുടർന്ന് പിതാവിനെ വിളിച്ച് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. തനിക്ക് ഇനി ഭാര്യയെ വേണ്ടെന്ന് നിഖിൽ പിതാവിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ഭർതൃവീട്ടിൽനിന്ന് തന്നെ പുറത്താക്കിയെന്നും യുവതി പരാതിപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയ പിതാവിനെയും ഭർതൃവീട്ടുകാർ അപമാനിച്ചതായാണ് ആരോപണം.
സ്ത്രീധനത്തിന്റെ പേരിലും പീഡനമെന്ന് ആരോപണം
വിവാഹസമയത്ത് പിതാവ് 20 ലക്ഷം രൂപയും ഒരു കാറും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും നൽകിയതായി യുവതി അവകാശപ്പെട്ടു. എന്നാൽ സ്ത്രീധനമായി നൽകിയ വസ്തുക്കളുടെ പേരിൽ ഭർതൃവീട്ടുകാർ തന്നെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
നൽകിയ വസ്തുക്കൾ തിരികെ നൽകാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നും ഭർത്താവ് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്നും യുവതി ആരോപിച്ചു.
ഗോരഖ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്നാണ് ഓഗസ്റ്റ് 15ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










